നീലജനാലകളുള്ള വീട്

അച്ഛനും അമ്മയും വന്നിട്ട് കുറച്ചു ദിവസമായി.നാട്ടിന്പുറത്തുനിന്നും നഗരത്തിലേക്ക് വന്നതിലുള്ള അസ്വസ്ഥതകള്‍ മാറി വരുന്നേ ഉള്ളൂ.എനിക്ക് എപ്പോഴും ഓടി ഓടി പോകാന്‍ വയ്യാത്തത് കൊണ്ട് ഇങ്ങോട്ട് ക്ഷണിക്കും.നിര്‍ബന്ധം ഒരുപാടാകുമ്പോള്‍ വന്നു ഒന്നോ രണ്ടോ ആഴ്ച നിന്നിട്ട് പോകും.അതാണ് പതിവ്.ഈ വരവും അങ്ങനെ തരപ്പെടുത്തിയ ഒന്നാണ്.അച്ഛന്‍ ഇപ്പോള്‍ പത്രം വായിക്കുകയാണ്.അമ്മയുടെ കയ്യില്‍ സൂരജിന്റെ ബട്ടണ്‍ വിട്ടു പോയ ഒരു ഷര്‍ട്ടുമുണ്ട്.ഞാന്‍ “ഡോര്‍ ഡെലിവറി” ക്കായി ഷോപ്പില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.പുതിയ “ബോയ്‌” ആയതുകൊണ്ട് ഞാന്‍ അഡ്രെസ്സ് പറഞ്ഞു കൊടുത്തു.നിര്‍ത്തുമ്പോള്‍ വലതു വശത്തുള്ള “നീല ജനാലകളുള്ള വീട് “ എന്ന് പറഞ്ഞു ഫോണ്‍ വച്ചു.അമ്മ മുഖമുയര്‍ത്തി ചോദിച്ചു “ ഞാന്‍ കഴിഞ്ഞ ഒരാഴ്ച ആയി ശ്രദ്ധിക്കുന്നു. നീ ഭക്ഷണം വിളിച്ചു പറയുമ്പോഴും കൂട്ടുകാര്‍ക്കു വഴി പറഞ്ഞു കൊടുത്തപ്പോഴുമൊക്കെ നീല ജനാലകളുള്ള വീട് “ എന്ന് പറയുന്നുണ്ടല്ലോ.ഈ ജനാലകള്‍ക്ക് പാളി ഇല്ലല്ലോ.ഇത് തള്ളി നീക്കുന്ന ടൈപ്പ് അല്ലേ.പടികളില്‍ മാത്രം നീല കളര്‍ ഉള്ളല്ലോ.പിന്നെന്തിനാ അങ്ങനെ പറയുന്നത്?”. ഒരു നിമിഷം ഞാന്‍ എന്ത് മറുപടി പറയണമെന്നറിയാതെ നിശബ്ദയായി…..എന്റെ വീടിന്റെ ജനാലകള്‍ക്ക് പാളികള്‍ ഉണ്ടായിരുന്നില്ല.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്ന അച്ഛന്‍ എഴുന്നേറ്റു വന്നു എന്‍റെ തോളില്‍ കൈ വച്ചു.എന്നിട്ട് പതിയെ ചോദിച്ചു “മോള്‍ക്ക്‌ ഓര്‍മ്മയുണ്ടോ നമ്മുടെ ആ കുഞ്ഞു വീട്.നീല നിറമുള്ള ഒരുപാടു വാതിലുകളും ജനാലകളുമുള്ള ആ വീട്?”. ഞാന്‍ തലയാട്ടി.എന്തോ ഓര്‍ത്ത പോലെ അമ്മ പറഞ്ഞു “തെക്കേ വശത്ത് ചാമ്പ, മതിലിനോട് ചേര്‍ന്ന് മൈലാഞ്ചി, ചെമ്പകം.ഞാന്‍ ചാടിക്കയറി പറഞ്ഞു “തോട്ടത്തില്‍ നില്‍ക്കുന്ന അമ്മയും കുഞ്ഞും,പിന്നെ പടിഞ്ഞാറെ വശത്തെ കിളിക്കൂട്‌”.അച്ഛന്റെ ചിരി ഉയരുന്നു.ഓര്‍മ്മകള്‍ക്ക് ഏതൊക്കെയോ പൂക്കളുടെ സുഗന്ധം……വിടരുന്നു “നീല ജനാലകളുള്ള വീട് “ ഞങ്ങളുടെ മനസ്സുകളില്‍…….!!!!!

This entry was posted in Uncategorized. Bookmark the permalink.

2 Responses to നീലജനാലകളുള്ള വീട്

  1. പൂക്കളുടെ സുഗന്ധമുള്ള നീല ജനാലകളുള്ള വീടിന്റെ ഈ നിറമുള്ള ഓർമ്മകൾ വളരെ നന്നായി എഴുതി . എന്റെ ആശംസകൾ.

    Like

Leave a comment