മരണക്കിണര്‍

 

 

“ഏമാനിന്ന് പണിക്കൊന്നും പോന്നില്ലേ?”…..ചെറിയമ്മയുടെ ശബ്ദം കാതിലേക്ക് വീണു.

 

കേട്ടതായി ഭാവിച്ചില്ല.

 

“തന്തേന്റെയും തള്ളേടെം കൂടെ പോകാന്‍ ആലോചിക്കുവാന്നോ?…വല്യച്ചന്റെയും വല്യ്മ്മേടെം കൊണം കൊണ്ട് പെണ്ണൊരുത്തി വീട്ടില് നിക്കാന്‍ തൊടങ്ങീട്ട് നാള് ത്രയായി…..എനിക്കല്ലാതെ ഇവിടുള്ളോര്‍ക്ക് ആര്‍ക്കെങ്കിലും ആ വിചാരമൊണ്ടോ?”…..ചെറിയമ്മ കത്തിക്കേറുകയാണ്………

 

അവന്‍ ഒന്നുകൂടി ആ കിണറിലേക്ക് നോക്കി.ഇതുവരെ അതിന്‍റെ ഉള്ളിലേക്ക് ഒന്ന് നോക്കാന്‍ ധൈര്യം കിട്ടിയിട്ടില്ല.അമ്മയുള്ള സമയം ഇവിടെയൊക്കെ വൃത്തിയാക്കിയിട്ടിരുന്നു.അമ്മ പോയതില്‍ പിന്നെ ആകെ കാടുപിടിച്ചുപോയി.

 

സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെയുള്ള ശിവനാണ് ഒരു ദിവസം പറഞ്ഞത്.

 

“നെന്‍റെ അമ്മക്ക് നൊസ്സാ”…..

 

“നൊസ്സോ?”

 

“ഉം….പ്രാന്ത്……നെന്‍റെ അച്ഛന്‍ ചീട്ടു കളിച്ചോണ്ടിരുന്നപ്പോ പോലീസിനെ കണ്ട് പേടിച്ചോടി നിങ്ങടെ പറമ്പിലെ കെണറ്റില് വീണാ ചത്തെ….അതേ പിന്നാ…..”

 

“നിന്നോടാരാ പറഞ്ഞെ?”

 

“ന്റമ്മ”…

 

അതൊരു പുതിയ അറിവായിരുന്നു.വീട്ടിലാരും അതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യം.അമ്മ ഇടയ്ക്കിടെ ആ കിണറിന്റെ ടുത്ത് പോയി കരയുകയും പറയുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.അന്നതൊരു കൗതുകമായിരുന്നു.എപ്പോഴോ മുത്തശ്ശന്റടുത്തു ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു.അതിനുശേഷം ആരോടും ചോദിച്ചിട്ടില്ല….അമ്മക്ക് പ്രാന്ത് ഉണ്ടെന്നു തോന്നിയിട്ടില്ല.അവനെ സ്കൂളില്‍ വിടുന്നതും ചെറിയച്ചന്റെയും മുത്തശ്ശന്റെയും ഉടുപ്പ് കഴുകുന്നതും വീട്ടുജോലി ചെയ്യുന്നതുമൊക്കെ അമ്മയായിരുന്നു.അമ്മയോട് ആരും കിണറിനടുത്തു പോകണ്ട എന്ന് പറഞ്ഞുകേട്ടുമില്ല…

 

ശിവന്‍ അങ്ങനെ പറഞ്ഞതിന് ശേഷം ഒരിക്കല്‍ അമ്മയോട് പറഞ്ഞു.

 

“ ല്ലാരും സ്കൂളില്‍ എന്നെ കളിയാക്കണ്….അമ്മക്ക് നൊസ്സാത്രേ….അമ്മയിനി ആ കിണറിനടുത്ത്‌ പൂവണ്ട….”

 

അമ്മ ആദ്യം ഒന്നും മിണ്ടിയില്ല.പിന്നെ കയ്യില്‍ പിടിച്ചു പറഞ്ഞു.

 

“വാ ഒരു കാര്യം കാട്ടിത്തരാം…..”

 

കിണറിനടുത്ത്‌ ചെന്ന് എത്തിനോക്കിയിട്ട്‌ പറഞ്ഞു.

 

”നോക്ക് അച്ഛനുണ്ട്‌ അകത്ത്…..മോന്‍ നോക്കിയേ….”

 

“അച്ഛനിവിടല്ല…..തൊടിയിലെ ചാമ്പച്ചെവിട്ടിലാ……ചെമ്പരത്തിക്കാട്ടില്…..മുത്തശ്ശി വെളക്ക് വക്കുന്നതവിടാ….”

 

അമ്മയുടെ നിശബ്ദത കണ്ടു കൈ വിട്ടു നടന്നുപോയത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്.

 

ചെറിയമ്മ അമ്മയോട് എന്നും കാര്യമില്ലാതെ വഴക്കുണ്ടാക്കിയിരുന്നു.ചെറിയച്ചന് അവരെ പേടിയായിരുന്നു.ഒരിക്കല്‍ കിണറ് മൂടാന്‍ അയ്യപ്പന്‍ ചേട്ടന്‍ വന്നു.അന്ന് അമ്മക്ക് പ്രാന്ത് പിടിച്ച പോലെ തോന്നി.ചെറിയമ്മയെ അടിക്കാന്‍ ചെന്നു.അവര് അമ്മയെ പൊതിരെ തല്ലി.തല്ലും വഴക്കും മൂത്തപ്പോള്‍ അയ്യപ്പന്‍ ചേട്ടന്‍ പണി ചെയ്യാതെ തിരിച്ചു പോയി.പിറ്റേന്ന് രാവിലെ അമ്മ കിണറിനകത്തു ജീവനില്ലാതെ കിടന്നിരുന്നു.

 

“ഏട്ടാ…..കഞ്ഞി എടുത്തു വച്ചിരിക്കുന്നു.”…..ശ്രീക്കുട്ടിയുടെ വിളി വന്നു.

 

നടന്നകത്തെക്ക് കേറുമ്പോള്‍ ചെറിയമ്മയുടെ മുഖത്തെ പുച്ഛം കണ്ടില്ലെന്നു നടിക്കാനായില്ല…..

ശ്രീക്കുട്ടി കേള്‍ക്കാതെ പതിയെ പറഞ്ഞു.

 

“പെണ്ണിന്‍റെ കല്യാണം നടക്കാത്തത് ന്‍റെ അച്ഛന്റേം അമ്മേടേം കുറ്റം കൊണ്ടല്ല…..അവള്ടച്ചന്‍ തെക്കേലെ കണാരേട്ടനാണോ ചെറിയച്ചനാണോ എന്ന് നാട്ടുകാര്‍ക്ക്‌ സംശയം തീരാത്തതുകൊണ്ടാ….!!!!”

 

ആദ്യമായി എന്തോ നേടിയ സന്തോഷത്തില്‍ അവന്‍ കഞ്ഞിയെടുത്തു വായിലേക്ക് കമഴ്ത്തി……

 

ജിഷ

Advertisements
Posted in Uncategorized | 5 Comments

പിന്‍വിളികള്‍

ഗേറ്റ് പൂട്ടി പുറത്തിറങ്ങിയപ്പോഴേക്കും മാധവമ്മാമ വന്നിരുന്നു.
“ ഇനി എപ്പോഴാ ഈ വഴിക്ക് ? അച്ഛനും അമ്മയും പോയിന്നു വച്ചു ഞങ്ങളൊക്കെ ഇല്ലേ ഇവിടെ ?”
ഒന്ന് നിര്‍ത്തി ഒട്ടൊരു മടിയോടെ തുടര്‍ന്നു പറഞ്ഞു.
“നല്ല വില ഒത്തുവന്നാല്‍ കൊടുക്കാമെന്നു സേതു പറഞ്ഞു.പ്രഭക്കു താല്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നോക്കിക്കൂടെ?”
എനിക്ക് മറുപടിയൊന്നുമില്ലായിരുന്നു.നാട്ടിന്‍പുറത്തെ ഈ വീടിനോട് പ്രഭേട്ടന് ഇഷ്ടമില്ലെന്നു എനിക്കറിയാം.സേതുവേട്ടന് നാടിനോട് പണ്ടേ വലിയ ഗൃഹാതുരത ഒന്നുമില്ല.കയ്യിലിരുന്നതില്‍ ഒരു ജോഡി താക്കോല്‍ മാധവമ്മാമയെ ഏല്‍പ്പിച്ചു.അവിടെ നിന്ന് കൊണ്ട് ഞാന്‍ ഒന്നുകൂടി വീടിനെ നോക്കിക്കണ്ടു.ബാല്യം കൌമാരം എല്ലാം കൊഴിഞ്ഞു വീണത്‌ ഇവിടെയാണ്.
എപ്പോഴോ രുചിയും മണവുമെല്ലാം ഓര്‍മ്മഭരണിയില്‍ അടച്ചു വച്ചിട്ട് അമ്മ തെക്കെപ്പുറത്തെ മാവിന്‍ചോട്ടില്‍ ഉറങ്ങാന്‍ പോയി.അമ്മ പോയതോടെ വീടിന്‍റെ താളം തെറ്റിപ്പോയി.അച്ഛന്‍ പിന്നീടു ഒരിക്കലും വീട്ടില്‍ സ്ഥിരമായി തങ്ങിയില്ല.ലക്ഷ്യങ്ങളില്ലാത്ത യാത്രകള്‍.വല്ലപ്പോഴും എവിടെനിന്നെങ്കിലും വിളിക്കും.അപ്രതീക്ഷിതമായി വീടിന്റെയോ ഓഫീസിന്റെയോ മുന്നില്‍ വന്നു പെടും.
അവസാനം കണ്ടപ്പോഴും അങ്ങനെ ഒരു യാത്രയുടെ അവസാനം ആയിരുന്നു.മുഷിഞ്ഞ ഉടുപ്പും ഷേവ് ചെയ്യാത്ത മുഖവും ഒക്കെയായി ആകെ മടുപ്പിക്കുന്ന ഒരു ചിത്രം.മുഖത്തേക്ക് ഇരച്ചുകയറിയ ദേഷ്യം വാക്കുകളില്‍ പ്രകടിപ്പിച്ചപ്പോഴും ഒന്നും മിണ്ടാതെ നിന്നു.യാത്ര പറയാതെ തിരിഞ്ഞു നടക്കുന്നത് കണ്ടപ്പോള്‍ പിറകില്‍ നിന്ന് വിളിച്ചു.
“അച്ഛാ, നമ്മുടെ വീട് അങ്ങനെ കിടക്കുന്നത് അമ്മ പൊറുക്കില്ല.എത്ര ഭംഗിയാക്കി വച്ചിരുന്നതാ പാവം.ഇപ്പോ പാമ്പും എലിയും കേറി നിരങ്ങുന്നു വീടിനകത്ത്.പുറത്തെ കാര്യം പറയുകയേ വേണ്ട.എത്ര ചെടിയും പൂക്കളും ഉണ്ടായിരുന്നു തൊടിയിലൊക്കെ.മാധവമ്മാമയോട് പറഞ്ഞു ആരെയെങ്കിലും കൊണ്ട് ഒന്ന് വൃത്തിയാക്കിയിട്ടുകൂടെ?”
“ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ……പണ്ട് എത്ര വൈകി ചെന്ന് കേറിയാലും നാമം ജപിച്ചോണ്ട്‌ ഗേറ്റിലേക്ക് നോക്കിയിരിക്കും നിന്‍റെ അമ്മ.ഇപ്പോ എത്ര വെളിച്ചമുണ്ടെങ്കിലും ഒരു ഇരുട്ടാ വീടിനകത്ത്.രണ്ടു ദിവസം അടുപ്പിച്ചു നില്‍ക്കുമ്പോ ഒരു ശ്വാസം മുട്ടലാ….അപ്പൊ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാന്‍ തോന്നും.”
അതും പറഞ്ഞു പോയ പോക്കാണ്.പിന്നെ കാണുന്നത് വെള്ളത്തുണിയില്‍ പൊതിഞ്ഞാണ്.
ഡ്രൈവറുടെ ഹോണ്‍വിളി ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവന്നു.മാധവമ്മാമയോട് യാത്ര പറഞ്ഞു വണ്ടിയില്‍ ഇരിക്കുമ്പോള്‍ പിന്നെയും തിരിഞ്ഞു നോക്കി.നെഞ്ചില്‍ ഒരു കനം കയറ്റി വച്ച പോലെ.പണ്ട് അമ്മ ഏതോ സ്ഥലത്ത് എത്തുമ്പോള്‍ അതായിരുന്നു അമ്മയുടെ വീട് എന്ന് ചൂണ്ടി കാണിച്ചു തരുമായിരുന്നു.അതുപോലെ നാളെ എന്‍റെ വീടും ഓര്‍മ്മകളില്‍ ഒരു അടയാളമായി ചുരുങ്ങിപ്പോകും.
കാര്‍ നീങ്ങുന്നതനുസരിച്ചു വീട് ഒരു പൊട്ടു പോലെ ചെറുതായിക്കൊണ്ടിരുന്നു……മതിലിനോട് ചേര്‍ന്നുനില്‍ക്കുന്ന വെള്ള ചെമ്പകപ്പൂക്കളും!!!!
ജിഷ
Posted in Uncategorized | 10 Comments

ഒരു ഞായറാഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌….

ഒരു ഞായറാഴ്ച്ചയുടെ ഓര്‍മ്മയ്ക്ക്‌……ഇ മഷി ഓണ്‍ലൈന്‍ മാഗസിനില്‍ വന്നത്…..!!!!

http://emashi.in/feb-2016/oru-njayarazhchayude-ormaykk.html

Posted in Uncategorized | Leave a comment

നീലജനാലകളുള്ള വീട്

അച്ഛനും അമ്മയും വന്നിട്ട് കുറച്ചു ദിവസമായി.നാട്ടിന്പുറത്തുനിന്നും നഗരത്തിലേക്ക് വന്നതിലുള്ള അസ്വസ്ഥതകള്‍ മാറി വരുന്നേ ഉള്ളൂ.എനിക്ക് എപ്പോഴും ഓടി ഓടി പോകാന്‍ വയ്യാത്തത് കൊണ്ട് ഇങ്ങോട്ട് ക്ഷണിക്കും.നിര്‍ബന്ധം ഒരുപാടാകുമ്പോള്‍ വന്നു ഒന്നോ രണ്ടോ ആഴ്ച നിന്നിട്ട് പോകും.അതാണ് പതിവ്.ഈ വരവും അങ്ങനെ തരപ്പെടുത്തിയ ഒന്നാണ്.അച്ഛന്‍ ഇപ്പോള്‍ പത്രം വായിക്കുകയാണ്.അമ്മയുടെ കയ്യില്‍ സൂരജിന്റെ ബട്ടണ്‍ വിട്ടു പോയ ഒരു ഷര്‍ട്ടുമുണ്ട്.ഞാന്‍ “ഡോര്‍ ഡെലിവറി” ക്കായി ഷോപ്പില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.പുതിയ “ബോയ്‌” ആയതുകൊണ്ട് ഞാന്‍ അഡ്രെസ്സ് പറഞ്ഞു കൊടുത്തു.നിര്‍ത്തുമ്പോള്‍ വലതു വശത്തുള്ള “നീല ജനാലകളുള്ള വീട് “ എന്ന് പറഞ്ഞു ഫോണ്‍ വച്ചു.അമ്മ മുഖമുയര്‍ത്തി ചോദിച്ചു “ ഞാന്‍ കഴിഞ്ഞ ഒരാഴ്ച ആയി ശ്രദ്ധിക്കുന്നു. നീ ഭക്ഷണം വിളിച്ചു പറയുമ്പോഴും കൂട്ടുകാര്‍ക്കു വഴി പറഞ്ഞു കൊടുത്തപ്പോഴുമൊക്കെ നീല ജനാലകളുള്ള വീട് “ എന്ന് പറയുന്നുണ്ടല്ലോ.ഈ ജനാലകള്‍ക്ക് പാളി ഇല്ലല്ലോ.ഇത് തള്ളി നീക്കുന്ന ടൈപ്പ് അല്ലേ.പടികളില്‍ മാത്രം നീല കളര്‍ ഉള്ളല്ലോ.പിന്നെന്തിനാ അങ്ങനെ പറയുന്നത്?”. ഒരു നിമിഷം ഞാന്‍ എന്ത് മറുപടി പറയണമെന്നറിയാതെ നിശബ്ദയായി…..എന്റെ വീടിന്റെ ജനാലകള്‍ക്ക് പാളികള്‍ ഉണ്ടായിരുന്നില്ല.

പത്രത്തില്‍ മുഖം പൂഴ്ത്തിയിരുന്ന അച്ഛന്‍ എഴുന്നേറ്റു വന്നു എന്‍റെ തോളില്‍ കൈ വച്ചു.എന്നിട്ട് പതിയെ ചോദിച്ചു “മോള്‍ക്ക്‌ ഓര്‍മ്മയുണ്ടോ നമ്മുടെ ആ കുഞ്ഞു വീട്.നീല നിറമുള്ള ഒരുപാടു വാതിലുകളും ജനാലകളുമുള്ള ആ വീട്?”. ഞാന്‍ തലയാട്ടി.എന്തോ ഓര്‍ത്ത പോലെ അമ്മ പറഞ്ഞു “തെക്കേ വശത്ത് ചാമ്പ, മതിലിനോട് ചേര്‍ന്ന് മൈലാഞ്ചി, ചെമ്പകം.ഞാന്‍ ചാടിക്കയറി പറഞ്ഞു “തോട്ടത്തില്‍ നില്‍ക്കുന്ന അമ്മയും കുഞ്ഞും,പിന്നെ പടിഞ്ഞാറെ വശത്തെ കിളിക്കൂട്‌”.അച്ഛന്റെ ചിരി ഉയരുന്നു.ഓര്‍മ്മകള്‍ക്ക് ഏതൊക്കെയോ പൂക്കളുടെ സുഗന്ധം……വിടരുന്നു “നീല ജനാലകളുള്ള വീട് “ ഞങ്ങളുടെ മനസ്സുകളില്‍…….!!!!!

Posted in Uncategorized | 2 Comments

ഒരു തീവണ്ടി യാത്ര

സ്റ്റേഷനില്‍ അവളെ യാത്രയാക്കാന്‍ അച്ഛന്‍ മാത്രമേ വന്നിട്ടുണ്ടായിരുന്നുള്ളൂ.അമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പേ അവരെ വിട്ടുപിരിഞ്ഞിരുന്നു.അച്ഛന്റെ മുഖത്തെ പതിവില്‍ കഴിഞ്ഞുള്ള ആശങ്കയും പരിഭ്രാന്തിയുമൊക്കെ അവളെയും വിഷമിപ്പിച്ചു.തീവണ്ടിയിലേക്ക് കയറുന്നതിനു മുന്‍പ് അയാള്‍ അവളുടെ ഭര്‍ത്താവിന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു.അതില്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛന്റെ എല്ലാ നിസ്സഹായതയും ഒളിഞ്ഞുകിടന്നിരുന്നു.അവരുടെ കമ്പാര്‍ട്ട്മെന്റില്‍ കയറി സീറ്റ്‌ എല്ലാം നോക്കി ശരിയെന്നു ഉറപ്പു വരുത്തി അവളുടെ നെറുകയില്‍ ഒരുമ്മയും കൊടുത്തു അദ്ദേഹം തീവണ്ടി നീങ്ങുന്നതനുസരിച്ചു ഒപ്പം നടന്നു.പതിയെ പതിയെ അത് കാഴ്ച്ചയില്‍ നിന്ന് അപ്രത്യക്ഷമായി.

ഭര്‍ത്താവിന്റെ അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമൊക്കെ അടുത്തടുത്ത കമ്പാര്‍ട്ട്മെന്ടുകളില്‍ ഉണ്ടായിരുന്നു.അച്ഛനില്ലാതെ ഇത്രയും ദൂരം യാത്ര.അവള്‍ക്ക് പേടി തോന്നി.ഒരു ആശ്വാസത്തിനായി ഭര്‍ത്താവിനെ തിരഞ്ഞു.അയാളെ അവിടെയെങ്ങും കണ്ടില്ല.കുറെ നേരം കഴിഞ്ഞപ്പോള്‍ അയാള്‍ തിരിച്ചെത്തി.എവിടെ പോയെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കൊടുക്കാതെ ഒഴിഞ്ഞുമാറി.അയാളുടെ അച്ഛനും അമ്മയും ഇടയ്ക്കു വന്നു ക്ഷേമാന്വോഷണം നടത്തി പോയി.അവള്‍ക്ക് അച്ഛനെ ഓര്‍മ്മ വന്നു.ജനലഴികളില്‍ മുഖമമര്‍ത്തി പുറത്തേക്കു നോക്കിയിരുന്നു അറിയാതെ അവള്‍ ഓര്‍മ്മകളിലേക്ക് ആഴ്ന്നുപോയി.തോളില്‍ ഭര്‍ത്താവിന്റെ കൈ അമര്‍ന്നപ്പോള്‍, അയാളുടെ കണ്ണിലെ പ്രണയത്തില്‍ അവള്‍ സ്വയം മറന്നുപോയി.പുതിയ ബന്ധുക്കളും സ്നേഹ പ്രകടനങ്ങളുമെല്ലാം അവള്‍ക്ക് ഒരു പുതിയ ജീവിതത്തിലേക്കുള്ള പടികെട്ടുകളായിരുന്നു.അച്ചനടുത്തില്ലാത്ത കുറവ് പതിയെ പതിയെ അവളില്‍ നിന്ന് മാഞ്ഞു തുടങ്ങി.ഈ യാത്ര ഒരിക്കലും അവസാനിക്കരുതെന്നു അവള്‍ ആഗ്രഹിച്ചു.ഇറങ്ങണ്ട സ്റ്റേഷന്‍ ഏതാണെന്ന് അവള്‍ ഭര്‍ത്താവിനോട് ചോദിച്ചതേയില്ല.ഒരു ദിവസം  ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ അയാളെ അടുത്ത് കണ്ടില്ല.അടുത്ത കമ്പാര്‍ട്ട്മെന്‍ടുകളില്‍ പോയി തിരഞ്ഞിട്ടും കാണാതെ ആയപ്പോള്‍ അവള്‍ക്ക് ആധിയായി.തീവണ്ടിയുടെ വേഗതയില്‍ അവള്‍ അതിനകത്ത് കൂടി ഓടിപാഞ്ഞു.സഹായത്തിനെന്നും പറഞ്ഞ് കൂടിയ പലരില്‍ നിന്നും എങ്ങനെയൊക്കെയോ അവള്‍ രക്ഷപെട്ടോടി.ഒടുവില്‍ ഏതോ ഒരു കമ്പാര്‍ട്ട്മെന്റില്‍ അവള്‍ക്കറിയാത്ത ഒരു സ്ത്രീയുടെ മടിയില്‍ അയാള്‍ കിടന്നുറങ്ങുന്നത് കണ്ടു സ്തംപിച്ചു നിന്നു.പോയി വിളിക്കണോ അതോ പിന്തിരിഞ്ഞു നടക്കണോ എന്ന് ഒരു നിമിഷം ആലോചിച്ചു.പിന്നെ തീവണ്ടിയുടെ വാതില്‍ക്കല്‍ പോയി നിന്ന് പുറത്തേക്കു ചാടിയാലോ എന്ന് ചിന്തിച്ചു.അപ്പോഴാണ് ഒരുപാടു ദിവസങ്ങള്‍ക്കു ശേഷം അവള്‍ക്ക് അച്ഛന്റെ മുഖം ഓര്‍മ്മ വന്നത്.തീവണ്ടിയുടെ വേഗത പതുക്കെ പതുക്കെ കുറഞ്ഞു വന്നു.അറിഞ്ഞുകൂടാത്ത ഒരു സ്റ്റേഷനില്‍ അത് നിന്നു.ബാഗും കയ്യിലെടുത്തു ആരോടും യാത്ര പറയാതെ അവള്‍ ഇറങ്ങി സ്റ്റേഷന് പുറത്തേക്കു നടന്നു.അവിടെ കണ്ട ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി അച്ഛനെ വിളിച്ചു.മറുതലക്കല്‍ അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.ഒട്ടും പതര്‍ച്ചയില്ലാതെ അവള്‍ പറഞ്ഞു “ ഞാന്‍ കയറിയ തീവണ്ടി തെറ്റിപ്പോയി അച്ഛാ.അത് എനിക്കുള്ളതായിരുന്നില്ല.ഞാന്‍ ഇടയ്ക്കു ഇറങ്ങി.അച്ഛന്‍ വരൂ.ഞാന്‍ കാത്തിരിക്കാം“.അവള്‍ സ്റ്റേഷന്‍റെ പേര് പറഞ്ഞിട്ട് ഫോണ്‍ താഴെ വച്ചു.

Posted in Uncategorized | 2 Comments

കണ്ണാടിക്കൂട്ടിലെ ചെറു കുമിളകള്‍

ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ ഞാനീ ചില്ലു കൂട്ടിലാണ്……ഒറ്റയ്ക്ക്…..എനിക്ക് സ്വര്‍ണത്തിന്‍റെ നിറമായതുകൊണ്ട് കാണാന്‍ കുറച്ചു ഭംഗിയൊക്കെ ഉണ്ട്.ഈ വീട്ടില്‍ വരുന്നവരൊക്കെ എനിക്ക് ചുറ്റും കൂടും.എന്‍റെ കൂടിന്റെ ഓരോ വശത്തും തട്ടിയും മുട്ടിയും അവര്‍ എന്നെ പേടിപ്പിക്കും.ഞാന്‍ ഭയന്ന് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്നത് കണ്ടു അവര്‍ പൊട്ടിപൊട്ടിച്ചിരിക്കും.എന്റെ കൂട്ടിലെ വെള്ളം മാറ്റുന്ന ദിവസം എന്നെ വേറൊരു കുഞ്ഞു ചില്ലുപാത്രത്തിലേക്ക് മാറ്റും.അന്നേരം എനിക്ക് പുറത്തു ചാടണമെന്നു അതിയായ ആഗ്രഹം വരും.പക്ഷെ കൂട്ടില്‍ നിന്ന് പത്രത്തിലേക്ക് മാറ്റുന്ന നിമിഷം എനിക്ക് ശ്വാസം മുട്ടും.അപ്പോഴുള്ള പിടച്ചില്‍ ഓര്‍ക്കുമ്പോള്‍ എല്ലാ മോഹങ്ങളും മാറ്റി വച്ചു ഞാന്‍ എന്നിലേക്ക്‌ ഒതുങ്ങും.

ഈ വീട്ടില്‍ വേറൊരു മുറിയില്‍ മറ്റൊരു കൂട്ടില്‍ ഒരു പക്ഷിയുണ്ട്.അവളുടെ ഭാഷ എനിക്കറിയില്ല.എന്തെല്ലാമോ പറഞ്ഞു ഇടയ്ക്കിടെ നിലവിളിക്കുന്നത് കേള്‍ക്കാം.ഒരിക്കല്‍ മാത്രമേ ഞാന്‍ അവളെ കണ്ടുള്ളൂ.ആരോ ആഹാരം കൊടുക്കാന്‍ കൂട് തുറന്നപ്പോള്‍ വെളിയില്‍ ചാടി.വീടിന്‍റെ വാതിലുകളും ജനാലകളും അടച്ചിരുന്നതുകൊണ്ട് അവള്‍ക്ക് പുറത്തു പോകാന്‍ പറ്റിയില്ല.വീടിനകത്ത് പറന്നു നടന്നു കുറച്ചു നേരം പേടിയോടെയെങ്കിലും അവള്‍ തനിക്കു കിട്ടിയ സ്വാതന്ത്ര്യം ആഘോഷിച്ചെന്നു തോന്നുന്നു.ഞാനത് അസൂയയോടെ നോക്കിക്കിടന്നു.പക്ഷെ അതിനു ശേഷം അവള്‍ അതിനു ശ്രമിച്ചില്ല.ചിലപ്പോള്‍ ചിറകുകള്‍ വെട്ടിക്കളഞ്ഞിട്ടുണ്ടാകും അവര്‍.

അവളുടെ കരച്ചില്‍ ഇടക്കൊക്കെ കേള്‍ക്കാം.അവള്‍ക്ക് എന്നെ കേള്‍ക്കാന്‍ കഴിയില്ലല്ലോ….എന്റെ നിലവിളികള്‍ ഈ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്ന് കുമിളകളായി മാറുകയല്ലേ??????

 

Posted in Uncategorized | Leave a comment

തൂലിക

കടലിനേക്കാള്‍ ആഴമുള്ള ഒരു മൌനം

കരിമ്പടമായി പുതച്ച്

ചങ്ങലക്കണ്ണികള്‍ ഉരച്ചു

സ്വയം വേദനിപ്പിച്ച്

മുനയൊടിഞ്ഞു മൂലയ്ക്ക്

കിടന്നൊരുവള്‍. ഒരു തൂലിക

Posted in Uncategorized | Leave a comment

ഒറ്റമൈന

http://indiaree.com/

indiaree യില്‍ വന്ന “ഒറ്റമൈന”  എല്ലാവരും വായിക്കുമല്ലോ……!!!!

Posted in Uncategorized | Leave a comment

പ്രിയപ്പെട്ട ഡിസംബര്‍

dec2.png

dec1

വീണ്ടും ഒരു ഡിസംബര്‍……തണുത്തുറഞ്ഞ പ്രഭാതങ്ങള്‍……നേര്‍ത്ത മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന പുറം ചട്ടയിട്ട കുറെ രൂപങ്ങള്‍ നിഴലുകളെ ഓര്‍മ്മപ്പെടുത്തുന്നു.നിറങ്ങളില്ലാത്ത പുതുവര്‍ഷപ്പുലരികള്‍……ചീന്തിയെറിഞ്ഞ കലണ്ടര്‍ താളുകള്‍ പോലെ കഴിഞ്ഞു പോയ വര്‍ഷങ്ങളും ഓര്‍മ്മചിന്തുകളും മറവിയുടെ ശ്മശാനത്തിലേക്ക് എറിയപ്പെടുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ വീടിന്റെ മുന്നില്‍ തൂക്കുവിളക്ക് പോലെ ഒരു നക്ഷത്രം ചെറുകാറ്റില്‍ ഇളകിയാടിയിരുന്നു.ഇപ്പോളത് പൊടിയും മാറാലയും പിടിച്ച് ഓര്‍മ്മകളുടെ തട്ടിന്‍പുറത്ത് കിടക്കുന്നുണ്ട്…..

അനീറ്റ, പ്രിയ കൂട്ടുകാരി നിന്‍റെ മുഖം ഓരോ ഡിസംബറിലും എന്നെ തിരഞ്ഞു വരാറുണ്ട്…..നീ കൊണ്ട് വന്നിരുന്ന കേക്കിന്‍റെ പാതി തിന്നുമ്പോഴും നിന്‍റെ ഉടുപ്പുകള്‍ നോക്കി അസ്സൂയപ്പെടുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നേയില്ല നീ ദൈവത്തിന്‍റെ മകള്‍ ആയിരുന്നെന്ന്….ആരോ വച്ചുനീട്ടുന്ന സമ്മാനപ്പൊതികളുടെ ബാക്കിപത്രങ്ങളായിരുന്നു ആ കുഞ്ഞുടുപ്പുകളെന്നു ഞാന്‍ വൈകിയായിരുന്നു തിരിച്ചറിഞ്ഞത്.നിനക്കറിയാമോ കരോളിന്റെ ഇടയില്‍ നിന്ന് എന്നെ തിരഞ്ഞ രണ്ടു കണ്ണുകള്‍ കാണാനായി മാത്രം ജനലിന്റെ കര്‍ട്ടന്‍വിരിയുടെ മറവില്‍ ഞാന്‍ കുസൃതിയോടെ ഒളിച്ചു നിന്നിരുന്നു.

ക്രിസ്മസ് തലേന്ന് പലചരക്ക് സാധനങ്ങളുടെ ഒപ്പം വര്‍ക്കിച്ചായന്‍ തന്നിരുന്ന കേക്കിന്‍റെ രുചി പിന്നീട് ഒരിക്കലും ഞാന്‍ അറിഞ്ഞിട്ടില്ല……സൂപ്പര്‍മാര്‍ക്കറ്റുകളിലെ കണ്ണാടിക്കൂടുകളില്‍ നിരന്നിരിക്കുന്ന കേക്കുകള്‍ക്ക് സ്നേഹത്തിന്‍റെയും വാത്സല്യത്തിന്റെയും മണം ഇല്ലായിരുന്നു.

ഒരു മോഷണക്കുറ്റം ആരോപിച്ചു കള്ളനെന്നു പേര് വീണ ഒരു കൂട്ടുകാരന്‍റെ നിലവിളി പള്ളിമേടയിലെ കൂട്ടമണികള്‍ക്കിടയില്‍ അലിഞ്ഞു പോയി. അസ്വസ്ഥമായ മനസ്സുമായി ചാപ്പലിന്റെ മേശയില്‍ മുഖമമര്‍ത്തി കിടന്ന എന്റെ തലമുടിയിഴകളില്‍ കൈകള്‍ കടത്തി തലോടിയ മാലാഖയുടെ മുഖത്തിന്‌ സിസ്റ്റര്‍ ജോസെഫിന്റെ ഛായ ഉണ്ടായിരുന്നു

പാതിരകുര്‍ബാനക്ക് പള്ളിയില്‍ മുഴങ്ങിയ പാട്ടുകള്‍ക്കൊപ്പം ഞാന്‍ മാലാഖമാരുടെ വേഷം ധരിച്ചു കൂടെ പാടിയിരുന്നു.കുരിശും കൊന്തയും മേരിയുടെ പടവും എന്‍റെ പെട്ടിയില്‍ വച്ചു “മുത്ത്‌” എന്ന് അര്‍ഥം വരുന്ന ഒരു പേരുകാരി എങ്ങോട്ടോ യാത്ര പറഞ്ഞു പോയി……ലോകത്തിന്‍റെ കോണിലെവിടെയോ ഏതോ മുത്തുച്ചിപ്പിയില്‍ ഒളിഞ്ഞിരിക്കുന്ന അവളെ എനിക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

നീട്ടിയ കൈകള്‍ വിടുവിച്ചു ആരോ ഒരാള്‍ ഡിസംബറിലെ മഞ്ഞിന്‍ പാളികളിലിടയിലൂടെ നടന്നു മറഞ്ഞു…..കണ്ണുനീര് വീണ തലയിണയും ഡയറി താളുകളും മൂകസാക്ഷികളായി രാത്രികളില്‍ എനിക്ക് കൂട്ടിരുന്നു……

ഒറ്റപ്പെട്ടു ജീവിതവഴിയില്‍ തനിച്ചായെന്നു തോന്നിയ ഒരു നിമിഷം മുപ്പതു വെള്ളിക്കാശിനാല്‍ ഒറ്റികൊടുക്കപ്പെട്ടു കുരിശിലേറിയ ദൈവപുത്രന്റെ കാല്‍ക്കല്‍ ഹൃദയനൊമ്പരങ്ങള്‍ കണ്ണീരായി ഒഴുകിയപ്പോള്‍,ശിരസ്സില്‍ വീണ ചോരപ്പൂക്കളാല്‍ ഞാനെന്റെ ദുഖഭാരങ്ങള്‍ കഴുകിക്കളഞ്ഞു.സുരക്ഷിതമായ ആ കൈകളില്‍ പിടിച്ചു ഞാന്‍ ആകാശത്തിനു കുറുകെയും കടലിനു കുറുകെയും യാത്ര പോയി.മൂന്നാം നാള്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റ പോലെ ഞാനും പഴയ വേഷങ്ങള്‍ അഴിച്ചു വച്ചു എന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്നു.

മതേതര ഇന്ത്യക്ക് കളങ്കമേറ്റെന്നു ഡിസംബറിലെ ഒരു തണുത്തുറഞ്ഞ പ്രഭാതമാണ്‌ എന്നെ വിളിച്ചറിയിച്ചത്…..മഞ്ഞള്പ്രസാദത്തിന്റെ നൈര്‍മല്യവുമായി ഒരു നിഷ്കളങ്കമുഖം ചെപ്പടിവിദ്യ കാട്ടി മഞ്ഞിന്പുതപ്പുകള്‍ക്കിടയില്‍ മറഞ്ഞുപോയതും ആ ഡിസംബറില്‍ ആയിരുന്നു.പ്രിയപ്പെട്ടവരും അല്ലാത്തവരുമായ കുറേപ്പേര്‍ ചരമക്കോളത്തില്‍ ചിരിച്ചുകൊണ്ട് നിറഞ്ഞു നിന്നതും ഡിസംബറിലെ പത്രത്താളുകളില്‍ ആയിരുന്നു.

ഞങ്ങളുടെ കുഞ്ഞു കവലയില്‍ രാത്രി 12 മണിക്ക് ക്ലബ്‌കളിലെ ചെറുപ്പക്കാര്‍ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്കം പൊട്ടിച്ചിരുന്നു.അതും കേട്ടു കൊണ്ട് എന്‍റെ ഡയറി താളുകളില്‍ പൂര്ത്തികരിക്കാനാവാത്ത “ New Year Resolutions “ ഞാന്‍ അക്കമിട്ടു നിരത്തി എഴുതിവക്കുമായിരുന്നു

വര്‍ഷങ്ങള്‍ക്കിപ്പുറം വെടിയൊച്ചകളും കരോളും പൂത്തിരികളും നക്ഷത്രങ്ങളും സ്വപ്നങ്ങളില്‍ കണ്ട് ഞെട്ടിയുണരുന്ന എനിക്ക് നിദ്രാവിഹീനങ്ങളായ രാത്രികള്‍ പതിവായപ്പോള്‍ ഒരിക്കലും തീരാത്ത ചോദ്യങ്ങള്‍ ചോദിച്ചു അമ്മയെ ഞാന്‍ മടുപ്പിച്ചിരുന്നു.എവിടെയെങ്കിലും ഒരു പുതിയ പ്രഭാതം വിടര്‍ന്നോ എന്നാണ് ഞാന്‍ ചോദിച്ചിരുന്നതെന്ന് അമ്മക്ക് ഒരിക്കലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

പേര് കൊത്തിയൊരു മോതിരവുമായി നിറമുള്ള സ്വപ്നങ്ങളുടെ ലോകത്തേക്ക് ഞാന്‍ വീണ്ടും നടന്നു കയറിയത് ഒരു പുതുവര്‍ഷതലേന്നായിരുന്നു……അതേ, ഡിസംബറിനു എന്നും ഓര്‍മ്മകളുടെ തിളക്കമാണ്…..പ്രണയത്തിന്റെ കണ്ണുനീരിന്റെ ജന്മദിനങ്ങളുടെ മരണത്തിന്‍റെ തിരിച്ചറിയിലുകളുടെ വിട പറച്ചിലുകളുടെ അങ്ങനെ അങ്ങനെ…….!!!!!!

 

വാല്‍ക്കഷണം

******************

ചേര്‍ത്തെഴുതിയ പേരുകള്‍ തിരകള്‍ മായ്ക്കും എന്നറിഞ്ഞുകൊണ്ടു തന്നെ അവള്‍ തീരത്ത് പേരുകള്‍ എഴുതിക്കൊണ്ടേയിരുന്നു…….ഘടികാരസ്സൂചികള്‍ മാറുന്ന ആ നിമിഷം ഒരു പുതിയ ലോകം അവള്‍ക്കായി തുറക്കുമെന്ന് ഓരോ പുതുവര്‍ഷവും അവള്‍ മോഹിച്ചുകൊണ്ടേയിരുന്നു.നീല ജനാലകള്‍ക്ക് ഇടയിലെ ചെറിയ ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം അവള്‍ക്കായി വഴി തെളിക്കുമെന്നു വെറുതെ മോഹിച്ചു.നഗരത്തിന്റെ ഇരുണ്ട ഇടനാഴിയില്‍ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് ഒരു പീരങ്കിയൊച്ച മുഴങ്ങി. വാടിവീണ മോഹപ്പൂക്കള്‍ക്ക് മുകളില്‍ ഓര്‍മ്മകള്‍ കൊണ്ട് ഒരു പുതപ്പുണ്ടാക്കി അവള്‍ സുഖനിദ്രയിലാണ്ടൂ……സ്വപ്നങ്ങളില്‍ തൂവെള്ള ഉടുപ്പണിഞ്ഞു കിടന്ന അവളെ ഉണര്‍ത്താതെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു കൈകളില്‍ കോരിയെടുത്തു മുഖമറിയാത്ത ഒരു രാജകുമാരന്‍ നക്ഷത്രക്കൂട്ടങ്ങളില്‍ മറഞ്ഞു.

 

Posted in Uncategorized | 2 Comments

കഥ പറയും അക്ഷരങ്ങള്‍……കത്തുകളിലൂടെ

post-card610N

വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനില്‍ എന്റെ ഒരു കഥ……

എല്ലാ കത്തുകളും ഒരുപോലെ അല്ല…ഓരോ കത്തിനും ഓരോ മണമാണ്……പ്രണയത്തിന്റെ…..മരണത്തിന്റെ…വേര്‍പാടുകളുടെ…..വിരഹത്തിന്റെ…..സന്തോഷത്തിന്റെ….പ്രതീക്ഷകളുടെ…..കാത്തിരിപ്പിന്റെ…….കണ്ണുനീരിന്റെ…………കടല്‍ കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു.

ബാക്കി വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വായിച്ചിട്ട് അഭിപ്രായം പറയുമല്ലോ…..!

http://vazhakkupakshi.blogspot.qa/2015/11/blog-post_14.html

Posted in Uncategorized | 1 Comment