മരണക്കിണര്‍

 

 

“ഏമാനിന്ന് പണിക്കൊന്നും പോന്നില്ലേ?”…..ചെറിയമ്മയുടെ ശബ്ദം കാതിലേക്ക് വീണു.

 

കേട്ടതായി ഭാവിച്ചില്ല.

 

“തന്തേന്റെയും തള്ളേടെം കൂടെ പോകാന്‍ ആലോചിക്കുവാന്നോ?…വല്യച്ചന്റെയും വല്യ്മ്മേടെം കൊണം കൊണ്ട് പെണ്ണൊരുത്തി വീട്ടില് നിക്കാന്‍ തൊടങ്ങീട്ട് നാള് ത്രയായി…..എനിക്കല്ലാതെ ഇവിടുള്ളോര്‍ക്ക് ആര്‍ക്കെങ്കിലും ആ വിചാരമൊണ്ടോ?”…..ചെറിയമ്മ കത്തിക്കേറുകയാണ്………

 

അവന്‍ ഒന്നുകൂടി ആ കിണറിലേക്ക് നോക്കി.ഇതുവരെ അതിന്‍റെ ഉള്ളിലേക്ക് ഒന്ന് നോക്കാന്‍ ധൈര്യം കിട്ടിയിട്ടില്ല.അമ്മയുള്ള സമയം ഇവിടെയൊക്കെ വൃത്തിയാക്കിയിട്ടിരുന്നു.അമ്മ പോയതില്‍ പിന്നെ ആകെ കാടുപിടിച്ചുപോയി.

 

സ്കൂളില്‍ ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കൂടെയുള്ള ശിവനാണ് ഒരു ദിവസം പറഞ്ഞത്.

 

“നെന്‍റെ അമ്മക്ക് നൊസ്സാ”…..

 

“നൊസ്സോ?”

 

“ഉം….പ്രാന്ത്……നെന്‍റെ അച്ഛന്‍ ചീട്ടു കളിച്ചോണ്ടിരുന്നപ്പോ പോലീസിനെ കണ്ട് പേടിച്ചോടി നിങ്ങടെ പറമ്പിലെ കെണറ്റില് വീണാ ചത്തെ….അതേ പിന്നാ…..”

 

“നിന്നോടാരാ പറഞ്ഞെ?”

 

“ന്റമ്മ”…

 

അതൊരു പുതിയ അറിവായിരുന്നു.വീട്ടിലാരും അതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യം.അമ്മ ഇടയ്ക്കിടെ ആ കിണറിന്റെ ടുത്ത് പോയി കരയുകയും പറയുകയും ചിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.അന്നതൊരു കൗതുകമായിരുന്നു.എപ്പോഴോ മുത്തശ്ശന്റടുത്തു ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു.അതിനുശേഷം ആരോടും ചോദിച്ചിട്ടില്ല….അമ്മക്ക് പ്രാന്ത് ഉണ്ടെന്നു തോന്നിയിട്ടില്ല.അവനെ സ്കൂളില്‍ വിടുന്നതും ചെറിയച്ചന്റെയും മുത്തശ്ശന്റെയും ഉടുപ്പ് കഴുകുന്നതും വീട്ടുജോലി ചെയ്യുന്നതുമൊക്കെ അമ്മയായിരുന്നു.അമ്മയോട് ആരും കിണറിനടുത്തു പോകണ്ട എന്ന് പറഞ്ഞുകേട്ടുമില്ല…

 

ശിവന്‍ അങ്ങനെ പറഞ്ഞതിന് ശേഷം ഒരിക്കല്‍ അമ്മയോട് പറഞ്ഞു.

 

“ ല്ലാരും സ്കൂളില്‍ എന്നെ കളിയാക്കണ്….അമ്മക്ക് നൊസ്സാത്രേ….അമ്മയിനി ആ കിണറിനടുത്ത്‌ പൂവണ്ട….”

 

അമ്മ ആദ്യം ഒന്നും മിണ്ടിയില്ല.പിന്നെ കയ്യില്‍ പിടിച്ചു പറഞ്ഞു.

 

“വാ ഒരു കാര്യം കാട്ടിത്തരാം…..”

 

കിണറിനടുത്ത്‌ ചെന്ന് എത്തിനോക്കിയിട്ട്‌ പറഞ്ഞു.

 

”നോക്ക് അച്ഛനുണ്ട്‌ അകത്ത്…..മോന്‍ നോക്കിയേ….”

 

“അച്ഛനിവിടല്ല…..തൊടിയിലെ ചാമ്പച്ചെവിട്ടിലാ……ചെമ്പരത്തിക്കാട്ടില്…..മുത്തശ്ശി വെളക്ക് വക്കുന്നതവിടാ….”

 

അമ്മയുടെ നിശബ്ദത കണ്ടു കൈ വിട്ടു നടന്നുപോയത്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്.

 

ചെറിയമ്മ അമ്മയോട് എന്നും കാര്യമില്ലാതെ വഴക്കുണ്ടാക്കിയിരുന്നു.ചെറിയച്ചന് അവരെ പേടിയായിരുന്നു.ഒരിക്കല്‍ കിണറ് മൂടാന്‍ അയ്യപ്പന്‍ ചേട്ടന്‍ വന്നു.അന്ന് അമ്മക്ക് പ്രാന്ത് പിടിച്ച പോലെ തോന്നി.ചെറിയമ്മയെ അടിക്കാന്‍ ചെന്നു.അവര് അമ്മയെ പൊതിരെ തല്ലി.തല്ലും വഴക്കും മൂത്തപ്പോള്‍ അയ്യപ്പന്‍ ചേട്ടന്‍ പണി ചെയ്യാതെ തിരിച്ചു പോയി.പിറ്റേന്ന് രാവിലെ അമ്മ കിണറിനകത്തു ജീവനില്ലാതെ കിടന്നിരുന്നു.

 

“ഏട്ടാ…..കഞ്ഞി എടുത്തു വച്ചിരിക്കുന്നു.”…..ശ്രീക്കുട്ടിയുടെ വിളി വന്നു.

 

നടന്നകത്തെക്ക് കേറുമ്പോള്‍ ചെറിയമ്മയുടെ മുഖത്തെ പുച്ഛം കണ്ടില്ലെന്നു നടിക്കാനായില്ല…..

ശ്രീക്കുട്ടി കേള്‍ക്കാതെ പതിയെ പറഞ്ഞു.

 

“പെണ്ണിന്‍റെ കല്യാണം നടക്കാത്തത് ന്‍റെ അച്ഛന്റേം അമ്മേടേം കുറ്റം കൊണ്ടല്ല…..അവള്ടച്ചന്‍ തെക്കേലെ കണാരേട്ടനാണോ ചെറിയച്ചനാണോ എന്ന് നാട്ടുകാര്‍ക്ക്‌ സംശയം തീരാത്തതുകൊണ്ടാ….!!!!”

 

ആദ്യമായി എന്തോ നേടിയ സന്തോഷത്തില്‍ അവന്‍ കഞ്ഞിയെടുത്തു വായിലേക്ക് കമഴ്ത്തി……

 

ജിഷ

This entry was posted in Uncategorized. Bookmark the permalink.

5 Responses to മരണക്കിണര്‍

  1. koya says:

    ജീവനുള്ള കഥാ പാത്രങ്ങള്‍ക്ക് നാട്ടിന്‍ പുറത്തെ നാടന്‍ മണ്ണിന്‍റെ ഗന്ധം..
    പൊങ്ങച്ചവും, പൊലിമയുമില്ലാത്ത കഥപറച്ചില്‍..വായനക്ക് സുഖമുണ്ട്…

    Like

  2. Ajith says:

    ഒരു ചെറിയ പ്രതികാരം. അല്ലേ

    Like

  3. പഴയൊരു പാലക്കാടന്‍ ഗ്രാമവും തറവാടും അതിലെ ആത്മാക്കളുമെല്ലാം തനത് ശൈലിയില്‍.

    Like

  4. Geetha Omanakuttan says:

    അത്രയും മനസ്സ് വേദനിപ്പിച്ചതിന് പകരം അവനു തോന്നിച്ച ചെറിയ ഒരു സന്തോഷം അല്ലെങ്കിൽ പ്രതികാരം. നല്ല ചെറിയ കഥ. ആശംസകൾ ജിഷാ. ജിഷാ തിരക്കാണോ? ഇപ്പോൾ എഫ് ബീയിൽ ഒന്നും സജീവമല്ലേ?

    Like

  5. Shaiju says:

    എങ്ങനെത്തെ കഥകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു വിഷമം ആണ് ഉള്ളിൽ..തറവാടിന്റെ സുകൃതക്ഷയം !!

    Like

Leave a comment